ഷോക്കേറ്റ് മരണം നടന്നത് അപകട രഹിത പുരസ്കാരം നേടിയ ഡിവിഷന് പരിധിയില്‍

കൊണ്ടോട്ടി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കൊണ്ടോട്ടി നീറാട്ട് ഗൃഹനാഥന് മരിച്ച സംഭവം നടന്നത് കെ.എസ്.ഇ.ബിയുടെ അപകടരഹിത പുരസ്കാരം നേടിയ കൊണ്ടോട്ടി ഡിവിഷന് കീഴിലുള്ള മുണ്ടക്കുളം സെക്ഷന്‍ പരിധിയില്‍. ഒരു വര്‍ഷത്തിനിടെ മനുഷ്യര്‍ക്കോ വളര്ത്തുജീവികള്ക്കോ ഒരു വിധ വൈദ്യുതാപകടങ്ങളും ഉണ്ടായിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി കൊണ്ടോട്ടി ഡിവിഷന് രണ്ടാഴ്ച മുമ്പാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്കാരം സമ്മാനിച്ചത്.കൊണ്ടോട്ടി ഡിവിഷന് കീഴിലുള്ള എട്ട് സെക്ഷനുകളില്‍ ഒന്നാണ് നീറാട് ഉള്‍പ്പെടുന്ന മുണ്ടക്കുളം ഡിവിഷന്. മന്ത്രിയില്‍ നിന്ന് പുരസ്കാരം നേടിയ ശേഷം കൊണ്ടോട്ടി സെക്ഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കുളമുള്പ്പെടെ എട്ട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും പ്രത്യേക ഉപഹാരവും നല്‍കിയിരുന്നു. തനതായി ആസൂത്രണം ചെയ്ത നിരവധി സുരക്ഷ ക്രമീകരണങ്ങളുടെ സഹായത്തോടെയാണ് കൊണ്ടോട്ടി ഡിവിഷനില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഓരോ മാസവും ഡിവിഷന് കീഴില്‍ സുരക്ഷ അവലോകനവും ജീവനക്കാര്‍ക്ക് മാനസികാരോഗ്യം ലഭിക്കാനുള്ള ക്ലാസുകളും കൃത്യമായ സുരക്ഷ പരിശോധനകളും നടക്കുന്നുണ്ട്.വൈദ്യുതി കമ്പി പൊട്ടി വീണത് അറിഞ്ഞിരുന്നില്ലെന്ന് അധികൃതര്കൊണ്ടോട്ടി: വൈദ്യുതി കമ്പി പൊട്ടി വീണത് അറിഞ്ഞിരുന്നില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. വ്യാഴാഴ്ച രാവിലെ എട്ടിന് ശേഷമാണ് പ്രദേശത്തെ രണ്ട് വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചിരിക്കുന്നെന്ന വിവരം മുണ്ടക്കുളത്തെ സെക്ഷന്‍ ഓഫിസില്‍ അറിയുന്നത്. ലൈനില്‍ തേക്ക് കൊമ്പ് പൊട്ടി വീണിട്ടുണ്ടെന്നായിരുന്നു അറിയിപ്പെന്നും കമ്പി പൊട്ടിയ വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് മുണ്ടക്കുളം സെക്ഷന്‍ ഓഫിസ് അധികൃതർ പറയുന്നത്. ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും പുളിക്കല്‍ ഫീഡറില്‍ നിന്നുള്ള 11 കെ.വി ലൈനിലെ വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെട്ടിരുന്നു. ഇത് ശരിയാക്കുന്ന തിരക്കിലായിരുന്നു ജീവനക്കാരെന്നും അവർ പറയുന്നു. സംഭവ സ്ഥലം കെ.എസ്.ഇ.ബി കൊണ്ടോട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നന്ദകുമാര്‍, സുരക്ഷ ചുമതലയുള്ള മഞ്ചേരി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഖലീലുറഹ്മാന്, കൊണ്ടോട്ടി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിമോള്‍, മുണ്ടക്കുളം അസിസ്റ്റന്റ് എന്‍ജിനീയര്‍ മദന്‍ ദാസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. പ്രദേശത്ത് വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഭാഗത്തെ കമുകുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ സഹകരിക്കണമെന്ന് നാട്ടുകാരോട് സംഘം ആവശ്യപ്പെട്ടു.
