വീട്ടിലെ ഡൈനിങ് ഹാളിൽ നിലവിളക്കിന് ചേര്‍ന്ന് വീട്ടുകാരെ പേടിപ്പിച്ച് അപ്രതീക്ഷിത അതിഥി; രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട: റാന്നി പുതുശേരിമല പടിഞ്ഞാറ്റേതിൽ രാജവെമ്പാലയെ പിടികൂടി.റിട്ടയേഡ് പ്രൊഫസർ രാജശേഖരൻ നായരുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു രാജവെമ്പാല കടന്നുകൂടിയത്. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ11 മണിയോടെയായിരുന്നു വീട്ടുകാരെ ഭയപ്പെടുത്തിയ സംഭവം. ഇവരുടെ വീട്ടിലെ ഡൈനിങ് ഹാളിലായിരുന്നു രാജവെമ്പാല എത്തിയത്. നിലവിളക്കിനോട് ചേര്‍ന്ന് മൂലയിലിരിക്കുകയായിരുന്നു കക്ഷി. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് ഭയന്ന് പേടിച്ച വീട്ടുകാര്‍ വനംവകുപ്പിനെ വിളിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങൾ വേഗം തന്നെ എത്തി പാമ്പിനെ പിടികൂടി. രാജവെമ്പാലയെ പിന്നീട് മൂഴിയാര്‍ വനമേഖലയിൽ വിട്ടയച്ചു. ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആര്‍ആര്‍ടി അംഗങ്ങളായ സതീഷ് കുമാര്‍ എസ്, നവാസ് സിഎം, ഫോറസ്റ്റ് ഡ്രൈവറായ സോളമൻ ജിഎസ് എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.
