പാകിസ്ഥാൻ ഇനിയും സ്ഥിതിഗതികൾ വഷളാക്കിയാൽ യുദ്ധം ഉറപ്പ്; മുന്നറിയിപ്പുമായി പ്രതിരോധ വിദഗ്ധൻ

വാരണാസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ പ്രതിരോധ വിദഗ്ധൻ സഞ്ജീവ് ശ്രീവാസ്തവ. പാകിസ്ഥാൻ ഇനിയും സ്ഥിതിഗതികൾ വഷളാക്കിയാൽ യുദ്ധം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യുദ്ധമുണ്ടായാൽ അത് പാകിസ്ഥാന് താങ്ങാനാകുന്നതിലുമപ്പുറമായിരിക്കുമെന്നും പാകിസ്ഥാന്‍റെ ശിഥിലീകരണത്തിലേക്ക് പോലും അത് നയിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പാകിസ്ഥാൻ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയാൽ അത് ഒരു പൂർണ്ണമായ യുദ്ധമായി മാറിയേക്കാം. അത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അത്യന്തം മാരകമാകും. യുദ്ധം പാകിസ്ഥാന്‍റെ ശിഥിലീകരണത്തിലേക്ക് പോലും നയിച്ചേക്കാം. ഇന്ത്യയ്‌ക്കെതിരായ ഇത്തരം പ്രവർത്തനങ്ങൾ പാകിസ്ഥാന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും. പാകിസ്ഥാൻ നേതാക്കൾ ഇത് മനസ്സിലാക്കണം. ഇന്ത്യ ഇപ്പോൾ പരിമിതമായ രീതിയിലാണ് പ്രതികരിക്കുന്നത്.’ ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. പാകിസ്ഥാനിലെ നിരവധി നഗരങ്ങൾ ആക്രമിക്കപ്പെടുകയും വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തതോടെ പാകിസ്ഥാന്റെ ‘മണ്ടത്തരത്തിന്’ ഇന്ത്യ ഉചിതമായി മറുപടി നൽകിയെന്ന് ശ്രീവാസ്തവ വ്യക്തമാക്കി. പാകിസ്ഥാൻ പഹൽഗാമിൽ നടത്തിയ ഭീകരതയ്ക്കുള്ള മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ഒമ്പത് സ്ഥലങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണം ഭീകരതയ്‌ക്കെതിരായ നടപടിയായിരുന്നു. സീറോ ടോളറൻസ് നയം അനുസരിച്ചാണ് ഇന്ത്യ പ്രതികരിച്ചത്. പാക് സൈന്യത്തെയോ അവിടെയുള്ള ജനങ്ങളെയോ ഇന്ത്യ ലക്ഷ്യം വെച്ചില്ലെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
