98 കിലോ ഭാരം, 42.5 കോടി വില, സ്വർണ ടോയ്‍ലെറ്റ് കടത്തിയത് 5 മിനിറ്റ് കൊണ്ട്, എവിടെപ്പോയി, ഇന്നും ഉത്തരമില്ല

വെറും അഞ്ച് മിനിറ്റിനുള്ളിൽ 4.8 മില്യൺ പൗണ്ടിന്റെ (ഏകദേശം 42.5 കോടി രൂപ) സ്വർണ ടോയ്‍ലെറ്റ് കടത്തി മോഷ്ടാക്കൾ. ആർട്ട് എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന, പൂർണമായും പ്രവർത്തിക്കുന്ന ടോയ്‍ലെറ്റാണ് ഓക്സ്ഫോർഡ്ഷയറിലെ ബ്ലെൻഹൈം പാലസിൽ നിന്നും കള്ളന്മാർ അടിച്ചുമാറ്റിക്കൊണ്ടുപോയത്. അത് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും മോഷ്ടാക്കൾ അത് ഉരുക്കിയിട്ടുണ്ടാകാം എന്നുമാണ് ഇപ്പോൾ കരുതുന്നതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പൂർണമായും പ്രവർത്തിക്കുന്ന, 18 കാരറ്റ് സ്വർണത്തിൽ ഉണ്ടാക്കിയ ഈ ടോയ്‍ലെറ്റിന് ‘അമേരിക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇറ്റാലിയൻ കൺസെപ്ച്വൽ ആർട്ടിസ്റ്റായ മൗറിസിയോ കാറ്റെലൻ്റെ പ്രദർശനത്തിൻ്റെ ഭാഗമായിരുന്നു ഈ സ്വർണ ടോയ്ലെറ്റും. 2019 സെപ്റ്റംബർ 14 -ന് പുലർച്ചെയാണ് അഞ്ച് പേരടങ്ങുന്ന സംഘം ടോയ്‍ലെറ്റ് കടത്തിയത്. രണ്ട് വാഹനത്തിലായി എത്തിയ പ്രതികൾ കൊട്ടാരത്തിൻ്റെ പൂട്ടിയ ഗേറ്റുകൾ തകർത്ത് അകത്ത് കയറിയ ശേഷം ടോയ്‍ലെറ്റുമായി കടക്കുകയായിരുന്നു. എല്ലാത്തിനുമായി വെറും അഞ്ച് മിനിറ്റ് നേരമാണ് മോഷ്ടാക്കൾ എടുത്തത് എന്നതും അന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അടക്കം അമ്പരപ്പിച്ചിരുന്നു. എന്നാൽ, മോഷ്ടാക്കൾ എന്ന് സംശയിക്കുന്നവരെ പിന്നീട് പിടികൂടി. അവർ ഇപ്പോൾ ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കയാണ്. എന്നാൽ, തുടർച്ചയായി അവർ തങ്ങൾക്ക് നേരെയുള്ള മോഷണ ആരോപണം നിഷേധിച്ചു കൊണ്ടിരിക്കുകയാണ്. മോഷ്ടിച്ച ടോയ്‍ലെറ്റ് ഉരുക്കിയെടുത്ത് ചെറിയ ചെറിയ സ്വർണമാക്കി മാറ്റിയെടുത്തിരിക്കാം. അത് ഇതുവരെ വീണ്ടെടുക്കാനായില്ല എന്നാണ് പ്രോസിക്യൂട്ടർ ജൂലിയൻ ക്രിസ്റ്റഫർ കെസി ഓക്‌സ്‌ഫോർഡ് ക്രൗൺ കോടതിയെ അറിയിച്ചത്. ഓക്‌സ്‌ഫോർഡിലെ ഡിവിനിറ്റി റോഡിൽ നിന്നുള്ള മൈക്കിൾ ജോൺസ് എന്നയാൾ മോഷണത്തിന് 17 മണിക്കൂർ മുമ്പ് ഇതേ ടോയ്‍ലെറ്റിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് മോഷണം പ്ലാൻ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരിക്കാം എന്നാണ് പറയുന്നത്. എന്നാൽ, ഇയാൾ മോഷണക്കുറ്റം നിഷേധിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഫ്രെഡ് ഡോ, ബോറ ഗുക്കുക്ക് എന്നിങ്ങനെ രണ്ട് പേരെയും മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു എങ്കിലും അവരും ആരോപണം നിഷേധിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളിൽ, ഇവരുടെ ഫോണുകളിൽ നിന്നുള്ള മെസ്സേജുകൾ, വോയ്‌സ് നോട്ടുകൾ, സ്‌ക്രീൻ ഗ്രാബുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. കിലോയ്ക്ക് 22.7 ലക്ഷം രൂപ എന്ന നിലയിലുള്ള വിലപേശലും മറ്റും ഇതിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. ഏകദേശം 98 കിലോഗ്രാമാണ് മോഷ്ടിക്കപ്പെട്ട ടോയ്‍ലെറ്റിന്റെ ഭാരം. ഇത് ആറ് മില്യൺ ഡോളറിന് ഇൻഷ്വർ ചെയ്തതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
