Sports

കേരളത്തിനായി രഞ്ജി ഫൈനല്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ എത്തുമോ? സാധ്യതകള്‍ ഇങ്ങനെ

മുംബൈ: രഞ്ജി ട്രോഫി ചരിത്രത്തിലാധ്യമായി കേരളം ഫൈനലിലെത്തിയിരിക്കുകയാണ് കേരളം. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗില്‍ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഈ മാസം 26ന് വിദര്‍ഭയ്‌ക്കെതിരെയാണ് കേരളത്തിന്റെ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ഫൈനലിന് മാത്രമായി ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ഫൈനലിന് തിരിച്ചെത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. കേരളം ഫൈനലിലെത്തിയതിന് പിന്നാലെ സഞ്ജു ടീമിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ… ”കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്‌നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ…” സഞ്ജു കുറിച്ചിട്ടു. മാത്രമല്ല, സഞ്ജുവിനെ കുറിച്ച് കേരളാ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സംസാരിക്കുകയും ചെയ്തു. സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് അസറുദ്ദീന്‍! സഞ്ജുവിന്റെ വാക്കുകള്‍ പ്രചോദിപ്പിച്ചെന്ന് മത്സരശേഷം താരം അസര്‍ പറഞ്ഞതിങ്ങനെ… ”ഈ നിമിഷം, ഞാന്‍ സഞ്ജു സാംസണ് നന്ദി പറയുന്നു. അദ്ദേഹത്തിന് പരിക്ക് കാരണം ടീമിനൊപ്പം ചേരാന്‍ സാധിച്ചില്ല. സഞ്ജു ഈ കുടുംബത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ടീമിന്റെ മനോവാര്യം അല്‍പം താഴ്ന്നപ്പോള്‍ അദ്ദേഹം പ്രചോദനം നല്‍കികൊണ്ട്, ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.” അസര്‍ പറഞ്ഞു. ഇതോടെ സഞ്ജു തിരിച്ചെത്തുമോ എന്നുള്ള സംശയം ബലപ്പെടുകയാണ്. രഞ്ജിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരം കളിച്ചിരുന്നു സഞ്ജു. 13 പന്തില്‍ 15 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ മഴയെത്തുകയും പിന്നീട് മത്സരം ഉപേക്ഷിക്കുകയും ചെയ്തു.  തുടര്‍ന്നുള്ള മത്സരങ്ങളില്‍ സഞ്ജു കളിച്ചിരുന്നില്ല. ഇതിനിടെ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ ഭാഗമാവുകയും ചെയ്തു സഞ്ജു. അവസാന മത്സരത്തില്‍ പരിക്കേറ്റ സഞ്ജുവിന്റെ ചൂണ്ടുവിരലിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ജോഫ്ര ആര്‍ച്ചറുടെ പന്ത് വിരലില്‍ കൊണ്ടാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ഇപ്പോഴും വിരല്‍ ചുറ്റിക്കെട്ടിയാണ് സഞ്ജു നടക്കുന്നതും. അതുകൊണ്ടുതന്നെ ഫൈനല്‍ മത്സരത്തിന് വേണ്ടി കേരള ടീമില്‍ തിരിച്ചെത്തില്ലെന്നാണ് അറിയുന്നത്.  അഞ്ച് ദിവസമാണ് ഫൈനലിന് അവശേഷിക്കുന്നത്. അപ്പോഴേക്കും അദ്ദേഹം പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാവാന്‍ വഴിയില്ല. മാത്രമല്ല, വിജയിച്ച ടീം കോംപിനേഷന്‍ തന്നെ തുടരാനും ടീം മാനേജ്‌മെന്റ് ചിന്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button