ആൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു, പിറന്നത് പെൺകുട്ടി; ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജവാൻ അറസ്റ്റിൽ

അഗർത്തല: ഒരു വയസ്സുള്ള മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജവാൻ അറസ്റ്റിൽ. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) ജവാൻ രതീന്ദ്ര ദേബ്ബര്‍മയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ മിതാലി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആണ്‍കുട്ടി വേണമെന്ന ആഗ്രഹം സാധിക്കാത്തതിനാലാണ് രതീന്ദ്ര ഇങ്ങനെ ചെയ്തതെന്ന് മിതാലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മിതാലിയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. ബിസ്‌ക്കറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് രതീന്ദ്ര കുട്ടിയെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരികെ വീട്ടിലെത്തിയ കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ഛർദ്ദി നിൽക്കാത്തതിനെ തുടർന്ന് ഭർത്താവിനോട് ഭക്ഷണം വാങ്ങി കൊടുത്തതിനെപ്പറ്റി ചോദിച്ചെങ്കിലും അയാളത് നിഷേധിച്ചു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് അഗർത്തലയിലെ ജി.ബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പ് തന്നെ കുട്ടി മരണപ്പെട്ടു. പത്താം ബറ്റാലിയന്‍ ടി.എസ്.ആര്‍ ഉദ്യോഗസ്ഥനായ രതീന്ദ്ര ഇപ്പോൾ എ.ഡി.സി ഖുമുല്‍വങ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിതാലി പൊലീസിൽ പരാതി നൽകിയത്. രണ്ടാമതും പെൺകുട്ടി ജനിച്ചതിനെ തുടർന്ന് ഭർത്താവ് നിരന്തരം അപമര്യാദയായി പെരുമാറിയിരുന്നുവെന്നും അവർ മൊഴി നൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
