മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി
സന: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്‍റിന്‍റെ അനുമതി. യമനിലെ ജയിലിലുള്ള നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കിയേക്കും. യമന്‍ പൗരനെ കൊലപ്പെടുത്തി എന്നതാണ് കേസ്. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ അമ്മ ഇപ്പോഴും യമനില്‍ തുടരുകയാണ്.
അതേസമയം, നിമിഷയെ മോചിപ്പിക്കാന്‍ എംബസി തലത്തിലടക്കം ഒരുപാട് ശ്രമിച്ചെന്ന് നെന്മാറ എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു. ദയാധനത്തിനായി കുറച്ച് തുക വരെ പിരിച്ചിരുന്നുവെന്നും കെ.ബാബു എം.എല്‍.എ പ്രതികരിച്ചു. നിമിഷയെ മോചിപ്പിക്കാമെന്ന് ഇനിയും പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി പ്രതിനിധി ദീപ ജോസഫ് പറഞ്ഞു. യമന്‍ പൗരന്‍റെ കുടുംബം മാപ്പ് നല്‍കിയാല്‍ മോചനം സാധ്യമാകും. ദയാധനം നല്‍കാന്‍ തയ്യാറാണെന്ന് യമന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ തുടരുകയാണെന്നും ദീപ ജോസഫ് പ്രതികരിച്ചു.