സ്‌പാം കോളുകളെ കുറിച്ച് മലയാളത്തിലും മുന്നറിയിപ്പ് കിട്ടും; തകര്‍പ്പന്‍ ഫീച്ചറുമായി എയർടെൽ

മുംബൈ: സ്‍പാം കോളുകളും സന്ദേശങ്ങളും ഒഴിവാക്കാൻ ഭാരതി എയർടെൽ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, ഉപയോക്താക്കൾക്ക് പ്രാദേശിക ഭാഷയിൽ സ്പാം കോളുകളെ കുറിച്ച് അലേർട്ടുകൾ ലഭിക്കും. കൂടാതെ അന്താരാഷ്ട്ര നെറ്റ്‌വർക്കുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ചും ഇത് ഉപയോക്താക്കളെ അറിയിക്കും. 27.5 ബില്യണിലധികം കോളുകൾ സ്പാം ആയി ഉപഭോക്താക്കൾക്ക് ഫ്ലാഗ് ചെയ്ത എഐ പവർഡ് സ്പാം ഡിറ്റക്ഷൻ ടൂൾ പുറത്തിറക്കി മാസങ്ങൾക്ക് ശേഷമാണ് എയര്‍ടെല്ലില്‍ നിന്നും ഏറ്റവും പുതിയ പ്രഖ്യാപനം വരുന്നത്. പ്രാദേശിക, അന്തർദേശീയ നെറ്റ്‌വർക്കുകളിൽ നിന്ന് വരുന്ന സ്പാം കോളുകളെയും മെസേജുകളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കാൻ ഈ എഐ പവർഡ് സ്പാം സൊല്യൂഷൻ സഹായിക്കും. നിലവിൽ ഇതിൽ 10 ഇന്ത്യൻ പ്രാദേശിക ഭാഷകൾ ഉൾപ്പെടുന്നു. അതിൽ ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തമിഴ്, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി, തെലുഗു ഭാഷകൾ ഉൾപ്പെടുന്നു. എയർടെല്ലിന്‍റെ സ്പാം അലേർട്ട് ഫീച്ചർ ആൻഡ്രോയ്‌ഡ് ഡിവൈസുകളിൽ മാത്രമേ പ്രവർത്തിക്കൂ. എല്ലാ എയർടെൽ ഉപയോക്താക്കൾക്കും ഈ ഫീച്ചർ പൂർണ്ണമായും സൗജന്യമായി ലഭിക്കും. കൂടാതെ, ഈ സേവനം എല്ലാ ഉപയോക്താക്കൾക്കും ഓട്ടോമാറ്റിക്കായി ആക്ടിവാക്കും. ഇതിനായി പ്രത്യേക അഭ്യർത്ഥനകൾ നൽകേണ്ടതില്ല. സൈബർ കുറ്റവാളികൾ നടത്തുന്ന കോളുകളും സന്ദേശങ്ങളും സ്‍പാം കോളുകളിൽ ഉൾപ്പെടുന്നു. ഇക്കാലത്ത് അത്തരം കോളുകളുടെയും സന്ദേശങ്ങളുടെയും എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. ഇതിൽ മാർക്കറ്റിംഗ് കോളുകളും ഉൾപ്പെടുന്നു. ആഭ്യന്തര സ്പാം കോളുകൾ തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയതിനുശേഷം, തട്ടിപ്പുകാർ വിദേശ നെറ്റ്‌വർക്കുകളെ ചൂഷണം ചെയ്ത് ഇന്ത്യയിലേക്ക് വ്യാജ കോളുകൾ അയയ്ക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ പ്രവണത കഴിഞ്ഞ ആറ് മാസത്തിനിടെ വിദേശ സ്പാം കോളുകളിൽ 12 ശതമാനം വർധനവിന് കാരണമായി. ഏറ്റവും പുതിയ പ്രഖ്യാപനത്തിലൂടെ, വളർന്നുവരുന്ന വെല്ലുവിളി ഇല്ലാതാക്കാൻ എയർടെൽ പദ്ധതിയിടുന്നു. 2024 സെപ്റ്റംബറിൽ എയർടെൽ അവതരിപ്പിച്ച ആന്‍റി-സ്‍പാം ടൂൾ ഒരു ഗെയിം ചേഞ്ചറായി മാറിയിരുന്നു. ടെലിക്കോം വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ നീക്കമായിരുന്നു ഇത്. ഇത് ഉപഭോക്താക്കൾക്ക് അനാവശ്യ കോളുകളിൽ നിന്ന് ആശ്വാസം നൽകുന്നു. എയർടെൽ പറയുന്നതനുസരിച്ച്, ഓരോ സെക്കൻഡിലും 1560 സ്‍പാം കോളുകൾ ഈ ആന്‍റി-സ്‍പാം ടൂൾ കണ്ടെത്തി. 2024 സെപ്റ്റംബറിൽ ആരംഭിച്ചതിനുശേഷം, എയർടെൽ ഉപഭോക്താക്കൾക്ക് സ്‍പാം കോളുകളിൽ 16 ശതമാനം കുറവുണ്ടായി. Read more: റീചാർജ് ചെയ്യാതെ സിം എത്ര കാലം ആക്ടീവായിരിക്കും? ജിയോയുടെയും എയർടെല്ലിന്‍റെയും പുതിയ നിയമം ഇതാണ്
