ലോകത്തിലെ എത്ര കാമുകിമാർ ഇത് ചെയ്യും? പ്രണയത്തിന്റെ ആദ്യദിനമറിഞ്ഞത് കാമുകന് ലുക്കീമിയ എന്ന്, പക്ഷേ…
എത്രയൊക്കെ പദ്ധതികളുണ്ടായാലും ജീവിതം ചിലപ്പോൾ നാം കരുതിവച്ചിരുന്ന വഴികളിൽ നിന്നും മാറിസഞ്ചരിച്ചു എന്നു വരാം. ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ നിന്നുള്ള ജോഷ് എന്ന യുവാവിനും ഉണ്ടായത് സമാനമായ ഒരു അനുഭവമാണ്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ജോഷ്. അപ്പോഴാണ് സഹപ്രവർത്തകയായ ക്ലോയിയോട് അയാൾക്ക് ഒരു ചെറിയ ക്രഷ് തോന്നി തുടങ്ങുന്നത്. ജോഷിന് പൈലറ്റ് ലൈസൻസുണ്ടായിരുന്നു, ക്ലോയിക്കാവട്ടെ റോയൽ എയർഫോഴ്സിൽ ചേരാനുള്ള ആഗ്രഹവും. ഈ ഇഷ്ടങ്ങൾ അവരെ അടുപ്പിച്ചു. അങ്ങനെ ഇരുവരും സുഹൃത്തുക്കളായി. ഒരു ദിവസം രണ്ടുപേരും ഒരു ഡേറ്റിന് പോകാം എന്ന തീരുമാനത്തിലും എത്തി. 2021 -ലായിരുന്നു അത്. അവരുടെ ഡേറ്റ് തീരുമാനിച്ചിരുന്ന ദിവസം ജോഷിന് ചില ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടു. തലേദിവസം രാത്രിയിലുണ്ടായ അസ്വസ്ഥതയുടെ തുടർച്ചയായിരുന്നു അത്. ക്ഷീണം, വിയർപ്പ് തുടങ്ങി പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ജോഷിനുണ്ടായി. എന്നാൽ, അടുത്തിടെയായിരുന്നു അയാൾ വീടുമാറിയത്. അപ്പോഴുണ്ടായ എന്തെങ്കിലും ഇൻഫെക്ഷനാവും ഇതെന്നേ അയാൾ കരുതിയുള്ളൂ. അങ്ങനെ, ആശുപത്രിയിൽ പോയി അവരുടെ ആവശ്യപ്രകാരം ജോഷ് ഒരു ബ്ലഡ് ടെസ്റ്റും ചെയ്തു. ഡേറ്റിന് പുറത്തുപോകാൻ പറ്റില്ലെന്ന് തോന്നിയതോടെ അയാൾ ക്ലോയിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവർക്കുള്ള അത്താഴവും ഒരുക്കാൻ തുടങ്ങി. വൈകുന്നേരമായപ്പോൾ, ജോഷിന് ആശുപത്രിയിൽ നിന്ന് ഒരു അടിയന്തര കോൾ വന്നു. ഉടൻ ആശുപത്രിയിലെത്താനാണ് അവർ പറഞ്ഞത്. ജോഷ് ഉടനെ തന്നെ ആശുപത്രിയിലേക്ക് തിരിച്ചു. ക്ലോയിയും അവനൊപ്പം ആശുപത്രിയിലേക്ക് ചെന്നിരുന്നു. ജോഷിന് ലുക്കീമിയ (രക്താർബുദം) ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും വെളിപ്പെടുത്തിയത്. ഇത് കേട്ടതോടെ ജോഷും ക്ലോയിയും സ്തംഭിച്ചുപോയി. എന്നാൽ, ജോഷിനെപ്പോലും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ക്ലോയി എടുത്തത്. എപ്പോഴും ജോഷിനൊപ്പമുണ്ടാകുമെന്ന് അവൾ വാക്ക് നൽകി. അവന്റെ ചികിത്സയിലെല്ലാം കൂടെ നിന്നു. ആശുപത്രി സന്ദർശനങ്ങളിലെല്ലാം അവളും ജോഷിനൊപ്പമുണ്ടായിരുന്നു. ഒടുവിൽ, ആ വെല്ലുവിളികളെയെല്ലാം തോല്പിച്ച് ജോഷ് സുഖം പ്രാപിച്ചു. 2022 ജൂലൈയിൽ, ക്ലോയിയോട് ജോഷ് വിവാഹാഭ്യർത്ഥന നടത്തി. 2023 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരായി.