National

മദ്യനയ അഴിമതിക്കേസ്: കേജ്‍രിവാള്‍ തിങ്കളാഴ്ചവരെ ഇ.ഡി. കസ്റ്റഡിയില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഇഡി കസ്റ്റഡിയില്‍ തുടരും. നാല് ദിവസത്തേക്കുകൂടി കേജ്‌രിവാളിന്‍റെ കസ്റ്റഡി നീട്ടി. ഇഡിക്കും ബിജെപിക്കുമെതിരെ കോടതിയില്‍ നേരിട്ട് വാദങ്ങള്‍ നിരത്തിയ കേജ്‍രിവാള്‍, ഇലക്ടറില്‍ ബോണ്ടില്‍ അന്വേഷണം ആവശ്യപ്പെട്ടു. കേജ്‌രിവാള്‍ ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നില്ലെന്നു ഇഡി റോസ് അവന്യു കോടതിയെ അറിയിച്ചു.

സൗത്ത് ഗ്രൂപ്പ് കോഴയായി എഎപിക്ക് നല്‍കിയെന്ന് പറയുന്ന 100 കോടി എവിടെ ?, തനിക്കെതിരെ മൊഴി പറയാന്‍ സമ്മര്‍ദം, മദ്യനയ കേസില്‍ മാപ്പുസാക്ഷിയായ പി.ശരത്ചന്ദ്ര റെഡ്ഡി ബിജെപിക്ക് 55 കോടി നല്‍കിയെന്നും കേജ്‌രിവാള്‍ കോടതിയില്‍ ബോധിപ്പിച്ചു. ബിജെപിക്കാണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധമെന്ന് പറഞ്ഞ കേജ്‍രിവാള്‍ ഇലക്ടറില്‍ ബോണ്ടില്‍ അന്വേഷണം ആവശ്യപ്പെട്ടു. മാപ്പുസാക്ഷിയായ ശരത്ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നല്‍കിയിട്ട് ഇ.ഡി കണ്ടതായി ഭാവിച്ചില്ലെന്നും കേജ്‍രിവാള്‍ പറഞ്ഞു.

ആറ് മിനിറ്റ് നേരമാണ് കേജ്‍രിവാള്‍ നേരിട്ട് വാദങ്ങള്‍ നിരത്തിയത്. കേജ്‌രിവാള്‍ കോടതിയില്‍ സംസാരിക്കുന്നതിനെ ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ശക്തമായി എതിര്‍ത്തെങ്കിലും ജഡ്ജി കാവേരി ബവേജ അനുമതി നല്‍കി. ഇലക്ടറല്‍ ബോണ്ടും മദ്യനയവുമായി ബന്ധമില്ലെന്ന് പറഞ്ഞ ഇഡി, കേജ്‍രിവാള്‍ അന്വേഷണത്തോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വാദിച്ചു. ഏഴ് ദിവസമാണ് കേജ്‍രിവാളിന്‍റെ കസ്റ്റഡി ഇഡി തേടിയത്. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസെന്നും ജനം മറുപടി നല്‍കുമെന്നും കേജ്‍രിവാള്‍ കോടതി വരാന്തയില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേജ്‍രിവാളിനെ ഇഡി പീഡിപ്പിക്കുന്നതായി കേജ്‌രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞു. വലിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് സുനിത പറഞ്ഞെങ്കിലും കേജ്‍രിവാളിന്‍റെ നേരിട്ടുള്ള വാദത്തിനപ്പുറം കോടതിയില്‍ ഒന്നുമുണ്ടായില്ല. അതിനിടെ കേജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. റോസ് അവന്യു കോടതിയില്‍ വാദം നടക്കവേ കേജ്‍രിവാളിനെതിരെ പ്രതിഷേധിച്ച അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button